ലക്ഷ്മിയും സരസ്വതിയും, പിന്നെ ഞാനും.

രാവിലെ കട തുറന്നു തയ്യൽ മെഷീൻ തുടച്ചു വൃത്തിയാക്കി അല്പം എണ്ണ ഒഴിക്കാൻ തിരിയുമ്പോഴാണ് പെട്ടെന്ന് മൊബൈലിൽ വാട്ടസ്ആപ് റിങ് മുഴങ്ങിയത്. പരിചയമില്ലാത്ത നമ്പറാണല്ലോ എന്നുള്ള ആകാംക്ഷയിൽ തുറന്നു നോക്കി.

കുമാരേട്ടാ ഇത് ലക്ഷ്മിയാണ് ... കുമാരേട്ടന്റെ പഴയ ലക്ഷ്മി. .. അത്യാവശ്യമാണ്, ദയവായി നമ്പറിലേക്ക് ഒന്നു തിരികെ വിളിക്കണം......

മുൻപുണ്ടായിരുന്ന ഉദ്വേഗം പെട്ടെന്ന് ഒരു ചെറിയ ഭയമായി ഉള്ളിലേക്ക് ഒരു സൂചി മുന കൊണ്ടെന്ന പോലെ അരിച്ചിറങ്ങുന്നത് കുമാരൻ അപ്പോഴറിഞ്ഞു.

എന്തെല്ലാം പ്രതീക്ഷകളുടെ കഥകളായിരുന്നു അന്ന് താനും ലക്ഷ്മിയും നെയ്തുകൂട്ടിയതു. തന്നെക്കാൾ കൂടുതലായി അവളായിരുന്നു സ്വപ്നങ്ങൾ കണ്ടിരുന്നത് എന്ന് അന്ന് പലപ്പോഴും തോന്നിയിരുന്നു, പിന്നീട് കാര്യത്തിൽ തനിക്കു ഏറെ സംശയങ്ങൾ ഉണ്ടായെങ്കിലും, അതിപ്പോഴും, തനിക്കു മാത്രമായി ആലോചിക്കാൻ ചില ഓർമകളായി അവശേഷിക്കട്ടെ എന്നു കരുതി മനസ്സിനെ സ്വയം സമാധാനിപ്പിക്കാൻ തക്കവണ്ണം അയാൾ ഇതിനിടയിൽ പാകപ്പെട്ടിരുന്നു.

ദൂരെ നിന്നും ചൂളം വിളിച്ചെത്തുന്ന തീവണ്ടിയുടെ സൈറൺ പോലെ ആംബുലൻസിന്റെ ശബ്ദം കവലയിലേക്കു കരഞ്ഞെത്തിയപ്പോൾ കുമാരൻ ചിന്തകളിൽ നിന്നും ഒരിറ്റു ശ്വാസം വീണ്ടെടുത്തു നിവർന്നിരുന്നു. ആന്റപ്പൻ ചേട്ടൻ പലവ്യഞ്ജനക്കട തുറക്കുന്നേ ഉണ്ടായിരുന്നുള്ളൂ. കവലയിൽ ആദ്യം കട തുറക്കുന്നത് താനാണ്. ചെറിയ കവല കുമാരന്റെ മെഷീൻ ശബ്ദം കേട്ടാണ് രാവിലെ ഉണരുന്നത് എന്ന് ആന്റപ്പൻ അതിശയോക്തിയോടെ പറയുന്നത് കുമാരൻ പലപ്പോഴും കേട്ടിട്ടുണ്ട്.

ഒരു മാസത്തെ ലോക്ഡൗൺ കഴിഞ്ഞു ഇന്നാണ് കട തുറന്നത്. ദാ അപ്പോഴേക്കും ആംബുലൻസിന്റെ ശബ്ദമാണ് കർക്കിടക കാറ്റിനേക്കാൾ വേഗത്തിൽ പാഞ്ഞെത്തിയത്. ഇന്നാരാണാവോ പുതിയ കോവിഡ് രോഗി.

സർക്കാർ ജോലിക്കാരോട് കുമാരന് വിരോധമൊന്നുമില്ല. പക്ഷെ തന്റെ മകളെ സർക്കാർ ജോലിക്കാരന് മാത്രമേ നൽകൂ എന്ന വാദംപറഞ്ഞു മകളെ വെറുമൊരു തുന്നൽ കാരനായ തനിക്കു വിവാഹം ചെയ്തു തരാനുള്ള വിമുഖതയെ സർക്കാർ ജോലിയെന്ന പ്രഹേളിക കൊണ്ട് മറച്ച ലക്ഷ്മിയുടെ പിതാവിനോട് കുമാരന് ഇപ്പോഴും ദേഷ്യമുണ്ട്, അയാൾ മരിച്ചിട്ടു വർഷം ആര് കഴിഞ്ഞെങ്കിലും.

എം ടെക് കാരനായിരുന്നു ലക്ഷ്മിയെ കെട്ടാൻ വന്നത്, പലരും പറഞ്ഞു, തങ്കപ്പൻ ചേട്ടന് ലോട്ടറിയടിച്ചു, മോളെ കെട്ടാൻ വരുന്നവന് ഗൾഫിലാണത്രെ സർക്കാർ ജോലി, ലക്ഷങ്ങളാ മാസ ശമ്പളം.

അന്ന് ആന്റപ്പൻ ചേട്ടൻ പറഞ്ഞു, വിട്ടുകള കുമാരാ, എനിക്കിതു നേരത്തെ അറിയാമായിരുന്നു ഇത് ഇങ്ങനെ സംഭവിക്കൂ എന്ന്, പക്ഷെ നിന്നെ വിഷമിപ്പിക്കണ്ടായെന്നു കരുതി ഞാൻ പറയാതിരുന്നതാ. അവളുടെ അച്ഛനെ  ഏതോ കല്യാണ ബ്രോക്കർ പറഞ്ഞു പറ്റിച്ചതായിരിക്കാനാ വഴി. നിനക്ക് ഞാൻ നോക്കി തരാമെടാ നല്ലൊരു പെണ്ണിനെ.... നീ ഇപ്പോൾ കടയടച്ചു വീട്ടിലേക്കു പോവാൻ നോക്ക്.

താനറിയുന്നതിനു മുൻപേ വീട്ടുകാർ അറിഞ്ഞിരുന്നു ലക്ഷ്മിയുടെ കല്യാണം ഉറപ്പിച്ച കാര്യം. അന്നും കൊച്ചു കവലയ്ക്കു രഹസ്യങ്ങൾ സൂക്ഷിക്കാനറിയില്ല. കാട്ടു തീയിനെക്കാൾ വേഗത്തിൽ വാർത്തകൾ എല്ലാവരിലുമെത്തും. ഇപ്പോൾ കവലയ്ക്കുമുണ്ട് ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പ്, ആന്റപ്പന്റെ പേരക്കുട്ടിയാണ് അഡ്മിൻ, അവന്റെ ബൈക്കിനേക്കാൾ കൂടുതലാണ് അവന്റെ വിരലുകൾക്കുള്ള വേഗതയെന്നു ചിലപ്പോൾ തോന്നിപ്പോകും, ചെക്കൻ എത്ര വേഗതയിലാ വാർത്തകളെത്തിക്കുന്നത്. ഇനി ഞാൻ ലക്ഷ്മിയെ വിളിച്ചു കഴിഞ്ഞാൽ അവനതു വാർത്തയാക്കുമോ, പഴയ കാമുകി കാമുകൻ സംഗമം എന്ന് വല്ല തലക്കെട്ടോടു കൂടി എന്ന ഒരു വിദൂര ഭയം മനസ്സിൽ അറിയാതെ തുന്നികൂടിയതു കുമാരൻ അറിഞ്ഞു. .

അറിയോ, കാമറ കണ്ണുകൾക്കേ ഇപ്പോൾ സൂചിമുനയേക്കാൾ സൂക്ഷ്മതയാ.

കുമാരൻ എതിർവശത്തെ ആന്റപ്പന്റെ കടയിലേക്ക് ഒന്ന് പാളിനോക്കി, ഈശ്വരാ! ആന്റപ്പനെവിടെപ്പോയി, ചെക്കനാണല്ലോ ഇപ്പൊ കടയിൽ. ഏതായാലും ഇവിടെ തന്റെ കടയിൽ ഇരുന്നു ഫോൺ ചെയ്യുന്നത് അത്ര പന്തിയല്ല. ചെക്കന്റെ മൊബൈലിലും, ലാപ്പിലും ധാരാളം ആപ്പുകളുണ്ടത്രേ മറ്റുള്ളവരുടെ മൊബൈലും ലാപ്പും ഹാക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും അവനു നന്നായി അറിയാമത്രേ......

ചെക്കൻ ഇപ്പോൾ ഒരു കേസിൽ നിന്നും തലയൂരിയതേയുള്ളൂ, മേലേപ്പുറത്തെ ആനിയുടെ മൊബൈൽ ശരിയാക്കാൻ അവനെ ഏൽപ്പിച്ചപ്പോൾ അവനതിലെ അവൾ ഡിലീറ്റ് ചെയ്തിരുന്ന വീഡിയോ റിക്കവർ ചെയ്തു ഏതോ വെബ്സൈറ്റിന് വിറ്റത്രേ. ആന്റപ്പന് അത് ഒതുക്കി തീർക്കാൻ ഒത്തിരി വിയർക്കേണ്ടി വന്നു. ഈശ്വരാ ! എന്തിനാണാവോ ഇവളുമാര് ഇങ്ങനെ വീഡിയോ എടുക്കുന്നത്, അത് കെട്യോന് അയക്കാനാണെങ്കിൽ പോലും. ഇത്ര കെടക്കപ്പൊറുതിയില്ലാത്തോൻമാരു എന്തിനാണാവോ പെണ്ണും കെട്ടി പിറ്റേ മാസം ജോലിയെന്നും പറഞ്ഞു ഗൾഫിലേക്ക് ചാടുന്നത്. ഓൾക്ക് വെറുതേ ജോലിയുണ്ടാക്കാൻ. അല്ലെങ്കിൽ തന്നെ ആന്റപ്പന്റെ ചെക്കൻ ചെയ്തത് ശരിയാണോ? ഡാറ്റ മോഷണം, അന്യന്റെ അടിവസ്ത്രം മോഷ്ടിക്കുന്നതിനേക്കാൾ നാറ്റം കേസല്ലേ. പിന്നെ നാണം ഇല്ലാത്തവന് ആസനത്തില് കുരു പൊട്ടിയാലെന്താ ആല് മുളച്ചാലെന്താ....ഏത്....

ഏതായാലും കടയടച്ചു വീട്ടിലേക്കു പോകും വഴി ഫോൺ ചെയ്യാം, അതാ നല്ലതു.

കുമാരൻ പതിയെ തയ്യൽ മെഷീന്റെ മോട്ടറിന്റെ പെഡലിൽ കാൽവച്ചു, ഒരു മാസത്തെ വിശ്രമത്തിനു ശേഷം അവനെ വിളിച്ചുണർത്തിയത് ഇഷ്ടപെട്ടില്ലായെന്ന മട്ടിൽ അല്പം കിരുകിരുത്ത കരച്ചിലോടെയാണ് മെഷീൻ അനങ്ങിത്തുടങ്ങിയത്.

പെട്ടെന്ന് പോയ ആംബുലൻസ് തിരികെ കവലയിലേക്കു എത്തുന്ന ശബ്ദം കുമാരൻ തിരിച്ചറിഞ്ഞു, കുമാരൻ കടയിൽ നിന്നും പുറത്തിറങ്ങി നോക്കുമ്പോൾ ആന്റപ്പന്റെ മോൻ കാമറയുമായി ഏതോ കൂട്ടുകാരന്റെ ബൈക്കിനു പുറകിൽ ഇരുന്നു ആംബുലൻസിനെ ഫോളോ ചെയ്യാൻ റെഡിയായിരിക്കുകയാണ്. അവനിതു ഗ്രൂപ്പിലിട്ടു വാർത്തയാക്കി കുറെ ലൈക്ക് വാങ്ങാനുള്ള പുറപ്പാടാണെന്നു തോന്നുന്നു…… !

വാ പൊളിച്ചു നിൽക്കുന്ന തന്റെ അരികിലേക്ക് ഉസ്മാനിക്ക പതിയെ നടന്നു വരുന്നത് കുമാരൻ അറിഞ്ഞു.

ആരാ ഉസ്മാനിക്ക ആംബുലൻസിൽ?

അത് നമ്മുടെ സുലൈൻമാന്റെ ഉമ്മയാ, ആള് മയ്യത്തായി, ഉറക്കത്തിലായിരുന്നു. പക്ഷെ, കോവിഡ് കാലമായതോണ്ട് ആർക്കും അങ്ങോട്ട് പോകാൻ കഴിയില്ല. അവർക്കു കോവിഡ് ആകാൻ വഴിയില്ല, അല്ലാണ്ട് തന്നെ ബിപിയും ഷുഗറും ഉള്ളതല്ലേ.... ഇനി ഇത് കോവിഡ് ആണന്നു പറഞ്ഞു പരത്തി വീണ്ടും കടകൾ പൂട്ടിക്കാണ്ടിരുന്നാൽ മതി പടച്ചോനെ..!

ഇനി എപ്പളാണാവോ നമ്മളും, ഉസ്മാനിക്ക ആകാശത്തിലേക്ക് കണ്ണുകളുയർത്തി.

സമാധാനമായിരിക്ക് ഉസ്മാനിക്കാ.... നിങ്ങള്ക്ക് എന്റച്ഛനെക്കാളും വയസ്സുകുറവല്ലേ ...... ചുമ്മാ ആളെ പേടിപ്പിക്കല്ലേ....

എല്ലാവരും പുറത്തിറങ്ങി നിൽക്കുകയാണ്, പിന്നെ താൻ മാത്രമെന്തിന് കടയ്ക്കുള്ളിരിക്കണം എന്നുള്ള ചിന്തയിൽ കുമാരനും പുറത്തു തന്നെ നിന്നു.

ഉസ്മാനിക്ക, നിങ്ങളെ മാസ്ക് എന്തിനാ താഴ്ത്തിയിട്ടിരിക്കുന്നെ, ഇങ്ങനാണേൽ അടുത്ത ആംബുലൻസ് നിങ്ങല്കായിരിക്കും…..

അത് കേട്ടയുടനെ ഉസ്മാനിക്ക ഉറക്കെ ചിരിച്ചു പിന്നെ വായിലെ മുറുക്കാൻ തുപ്പിക്കളഞ്ഞു മാസ്ക് നേരെയിട്ടു.

കുമാരാ നിന്റെ കെട്യോൾക്ക് കോവിഡ് കാലമായതിനാൽ ഇപ്പൊ ട്യൂഷനും എടുക്കാൻ പറ്റണില്ല അല്ലെ.

അതെ ഉസ്മാനിക്ക, ഇങ്ങനെ പോയാൽ നമ്മൾ പട്ടിണി കിടന്നു ചാകുമെന്നാ തോന്നുന്നേ......

കുമാരന്റെ മൊബൈലിലെ വാട്സ്ആപ് റിങ് വീണ്ടും മുഴങ്ങിയപ്പോൾ അയാൾ കടയിലേക്ക് കയറി മൊബൈൽ എടുത്തു നോക്കി, ലക്ഷ്മിയാണ്, വീണ്ടും അതേ മെസ്സേജ്, ഒന്ന് വിളിക്കാമോ അത്യാവശ്യമാണ്...

ഉടനെ വിളിക്കാം എന്ന് വിറയ്ക്കുന്ന വിരലുകളാൽ ടൈപ്പു ചെയ്തിട്ട് കുമാരൻ ഒന്ന് നെടുവീർപ്പിട്ടു.

ഉടൻ തന്നെ കുമാരൻ കട അടയ്ക്കാനുള്ള തിരക്കുകൂട്ടി, വാതിൽ പാളികൾ ഓരോന്നായി എടുത്തു വയ്ക്കുമ്പോൾ ഓരോന്നിനും മുമ്പത്തേക്കാൾ ഭാരം കൂടുതലുള്ളതുപോലെ കുമാരന് തോന്നി.

കട പൂട്ടി താക്കോൽ പോക്കറ്റിലിട്ടു തിരിയുമ്പോഴാണ്, ആന്റപ്പന്റെ മോൻ തന്റെ സൈക്കിളിന്റെ അടുത്തു ചുറ്റിപ്പറ്റിനിൽക്കുന്നതു കുമാരൻ കണ്ടത്...

ഈശ്വരാ പണി പാളിയോ...., മഹാപാപിയെങ്ങാനും തന്റെ മൊബൈൽ ചോർത്തിയോ? ഇവന്റെ അടുത്ത ഇര താനാണാവോ ദൈവമേ?

ഏതായാലും അവനെ മൈൻഡ് ചെയ്യാതെ സൈക്കിൾ എടുക്കാമെന്ന് പോയപ്പോൾ, അവൻ പുറകിൽ നിന്നും വിളിച്ചു...

ഒരു ഞെട്ടലോടെ തലയുയർത്തുമ്പോൾ അവൻ സൈക്കിളിന്റെ മുന്നിലെത്തിയിരുന്നു. ഈശ്വരാ കടയടച്ചും പോയി, അല്ലെങ്കിൽ കടയിലേക്ക് പോയി തിരികെ ഇരിക്കാമായിരുന്നു.

അല്ല, കുമാരേട്ടാ, നിങ്ങളെന്താ, നേരത്തേ കടയടയ്ക്കണേ, നമുക്ക് പന്ത്രണ്ടു മണി വരെ സമയം പറഞ്ഞിട്ടുണ്ടല്ലോ?

ഏയ് ഒന്നൂല്ല.

കുമാരേട്ടാ വീട്ടിലാര്ക്കെങ്കിലും ബുദ്ധിമുട്ടു വല്ലതും ഉണ്ടോ? വല്ല പനിയോ തൊണ്ടവേദനയോ മറ്റോ......

കുമാരന് അപ്പോൾ ശരിക്കും ദേഷ്യമാണ് തോന്നിയത്,

നീ ഒന്ന് വഴീന്നു മാറിയേ, എനിക്ക് എത്രേം പെട്ടെന്ന് വീട്ടിലെത്തണം, തൂറാൻ മുട്ടീട്ടു വയ്യ....

ചെക്കൻ പെട്ടന്ന് സൈക്കിളിന്റെ മുന്നിൽ നിന്നും ചാടി മാറുന്നത് കണ്ടപ്പോൾ കുമാരന് ഉള്ളിൽ ചിരിപൊട്ടി.

കുമാരൻ സൈക്കിൾ വേഗത്തിൽ ചവുട്ടി... എന്തിനാണാവോ അവൾ ഇപ്പോൾ വര്ഷങ്ങള്ക്കു ശേഷം തനിക്കു ഇങ്ങനെ മെസ്സേജ് അയക്കുന്നത് ....

അന്നവൾ താൻ നൽകിയ പുസ്തകങ്ങളും പ്രണയലേഖനങ്ങളും തിരികെ നൽകിയാണ് തന്റെ പ്രണയത്തിനു അന്ന് അടിവരയിട്ടത്. ഇന്നിതാ അവൾ അവളുടെ വിരൽത്തുമ്പിലൂടെ തന്നെ വീണ്ടും തേടുന്നു.

ഒന്ന് രണ്ടു തവണ ആന്റപ്പനുമായി സൈക്കിളിൽ ചാലിക്കശേരിയിൽ മരച്ചീനി വിള ലേലം വിളിക്കാൻ പോയപ്പോൾ അയാൾ കാണിച്ചുതന്നിരുന്നു, ലക്ഷ്മിയുടെ പുതിയ വീട്. അന്ന് ആന്റപ്പൻ പറഞ്ഞിരുന്നു, നമ്മൾ കരുതിയതുപോലെയല്ല അവളുടെ കെട്യോന് ഗൾഫിൽ നല്ല ജോലിയാന്നാ തോന്നുന്നേ, കണ്ടില്ലേ വീട് തന്നെ ഒരമ്പത്തു ലക്ഷം വിലമതിക്കും. ഓരോരോ യോഗം.

നീ വിഷമിക്കാതെടാ ഒന്നുല്ലേലും നിന്റെ കെട്യോൾക്ക് നല്ല വിദ്യാഭ്യാസമില്ലേ അവളെക്കാളും ......

സൈക്കിൾ നിർത്തി കുമാരൻ വല്ലാതെ കിതച്ചു. വിറയ്ക്കുന്ന കൈകളോടെ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു, മുൻപ് തന്റെ കരവലയത്തിൽ ഒതുക്കി അവൾക്കു ചുംബനങ്ങൾ നൽകുമ്പോൾ ഇല്ലാതിരുന്ന പരവേശം ഇപ്പോൾ എന്തേ തന്റെ കൈകൾക്കെന്നു ആലോചിച്ചപ്പോൾ കുമാരന് ഒരെത്തും പിടിയും കിട്ടിയില്ല. എങ്കിലും എല്ലാ ധൈര്യവും സംഭരിച്ചു അയാൾ അവൾ നൽകിയ നമ്പറിൽ ഞെക്കി. കോവിഡ് മുന്നറിയിപ്പ് മെസ്സേജ് തീരുന്നതുവരെ ക്ഷമിക്കാൻ കഴിയാത്തതിനാൽ അയാൾ കട്ടുചെയ്തു വീണ്ടും വിളിച്ചു.

... ഇപ്പോൾ മറുതലയ്ക്കൽ ബെല്ല് മുഴങ്ങുന്നുണ്ട്.

ഹലോ ... കുമാരേട്ടാ .... ഇത് ഞാൻ ലക്ഷ്മിയാണ്....

സുഖമാണോ കുമാരേട്ടാ....?

സുഖം.

ലക്ഷ്മി, എന്താ അത്യാവശ്യമായി പറയാനുള്ളത്.... പറയൂ.

കുമാരേട്ടൻ ഇപ്പോൾ വീട്ടിലാണോ?

ഇല്ല, ഞാനിപ്പോൾ വീട്ടിലല്ല.

പറയൂ, എന്താ പറയാനുള്ളത്....

പിന്നെ ഇപ്പൊ എവിടെയാ ഉള്ളത്....

ഞാനിപ്പോൾ വീട്ടിലേക്കുള്ള വഴിയിലാണ്, പറഞ്ഞോളൂ ....

ഇപ്പോൾ ആരെങ്കിലും കുമാരേട്ടന്റെ കൂടെയുണ്ടോ?

ഇല്ല, ഞാനും എന്റെ സൈക്കിളും മാത്രം, പിന്നെ ആളൊഴിഞ്ഞ നമ്മുടെ പഴയ ഇടവഴിയും.

കുമാരൻ സംശയത്തോടെ ചുറ്റിലും ഒന്നു നോക്കി, ഇല്ല ആരുമില്ല, കുമാരൻ സന്തോഷത്തോടെ ഒന്ന് നെടുവീർപ്പിട്ടു.

ഇല്ല ഇവിടെ ഞാൻ മാത്രമേയുള്ളൂ, എന്തായാലും പറഞ്ഞോളൂ ലക്ഷ്മി. നീ ഇപ്പോൾ എവിടെ നിന്നാ സംസാരിക്കുന്നത്.

ഞാൻ എന്റെ വീട്ടിലെ ബാത്റൂമിൽ നിന്നാ വിളിക്കുന്നത്, ബക്കറ്റിൽ വെള്ളം നിറയുന്ന ശബ്ദം കേൾക്കുന്നില്ലേ?

ചെറുതായി കേൾക്കാം, പറഞ്ഞോളൂ, എന്താ പറയാനുള്ളത്?

കുമാരേട്ടാ എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല, ദിവസം പോകുന്തോറും പ്രശ്നം കൂടിക്കൊണ്ടിരിക്കുന്നു.

കുമാരന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി, കുറച്ചു നിമിഷം കുമാരന് നാവിറങ്ങിപ്പോയതുപോലെ തോന്നി.

ഹലോ, ഹലോ .....

ഹലോ ..... കുമാരേട്ടാ, കേൾക്കാമോ?

ഹലോ, കുമാരേട്ടാ ഫോൺ കട്ട് ചെയ്യല്ലേ, ഞാൻ പറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ.....

പെട്ടെന്ന് കുമാരന് ശ്വാസം പിടിച്ചുകെട്ടിയപോലെ തോന്നി.

ഹലോ, കുമാരേട്ടാ, കേൾക്കാമോ?

ങ്ഹൂം, കുമാരൻ അപ്പോൾ ഒരു സ്വപ്നാടനത്തിലെന്ന പോലെ മൂളി.

കുമാരേട്ടാ, ഒന്ന് വെയിറ്റ് ചെയ്യണേ, ഞാൻ ബാത്ത്റൂമിന്റെ വാതിൽ ഒന്ന് കുറ്റിയിട്ടോട്ടെ...

ഇത് കേട്ടപ്പോൾ കുമാരന്റെ ദേഹമാസകലം ഒരു വിറയൽ കടന്നുപോയി......

ഫോൺ വാങ്ങിയിട്ട് ആദ്യമായിട്ടാണ് തന്റെ കടയിൽ കസ്റ്റമരല്ലാത്ത ഒരു സ്ത്രീ ശബ്ദം തന്നെ തേടിയെത്തുന്നത്, അതും തന്റെ എല്ലാമെല്ലാമായിരുന്ന ലക്ഷ്മിയുടെ.....

കുമാരന് തൊണ്ട അടയുന്നതുപോലെ അനുഭവപ്പെട്ടു ...

തന്റെ ഭാര്യ സരസ്വതിയുടെ ബന്ധുക്കളായ സ്ത്രീകൾ തന്റെ ഫോണിലേക്കു വിളിക്കുമ്പോൾ താൻ അത് അവളെ ഏൽപ്പിക്കാറാണ് പതിവ് .... എന്തിനേറെ തന്റെ സഹോദരീ ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകളുടെ കോൾ വന്നാലും താൻ അവളെയാണ് ഏൽപ്പിക്കാറുള്ളത്......

ഇപ്പോഴിതാ, തന്റെ പഴയകാമുകി തന്നെ ഫോണിലൂടെ വിളിച്ചു തന്നെ ത്രിശങ്കു സ്വർഗ്ഗത്തിലാക്കിയിരിക്കുന്നു....

കുമാരൻ താഴെ വീണുപോകാതിരിക്കാൻ സൈക്കിളിന്റെ ഹാൻഡ്ലിൽ മുറുകെ പിടിച്ചു നിന്നു.

ഇപ്പോൾ ബക്കറ്റിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാനില്ല, എക്സാസ് ഫാനിന്റെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ.

മഴ പെയ്തിട്ടും എന്തൊരു ചൂടാ കുമാരേട്ടാ ഇതിനുള്ളില്....

ബാത്റൂമിന്റെ കതകടച്ചോ ലക്ഷ്മി?

അടച്ചു കുമാരേട്ടാ.....

എന്നാൽ പറഞ്ഞോളൂ, ഇവിടെ വഴിയിൽ ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ.

കുമാരേട്ടാ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല, ദിവസം ചെല്ലും തോറും എനിക്ക് പേടിയാകുന്നു.....എന്നോട് ദേഷ്യം തോന്നുമോ?

ഇല്ല, ഒരിക്കലുമില്ല, ലക്ഷ്മി പറഞ്ഞോളൂ....

ങ്ഹാ, കുമാരേട്ടാ എനിക്കേ ........

ങ്ഹാനിനക്ക് .......

എനിക്കേ ........

ങ്ഹാ, പറഞ്ഞോളൂ ലക്ഷ്മി ...............

എനിക്കേ ........ഒരു മൂന്നു മാസത്തെ അരിയും പലവ്യഞ്ജനവും കടമായി എത്തിക്കാമോ? അല്ലെങ്കിൽ ഞാനും കുടുംബവും, പട്ടിണി കിടന്നു ചാകും......

 

പെട്ടെന്ന് ഫോൺ കുമാരന്റെ കയ്യിൽ നിന്നും വെളുപ്പിനു പെയ്ത മഴയിൽ നനഞ്ഞ പുല്ലിലേയ്ക്ക് വീണു....

ആത്മവിശ്വാസത്തോടെ കുമാരൻ ഫോൺ എടുത്തു വീണ്ടും ചെവിയോട് ചേർത്തു, നനഞ്ഞ പുല്ലിൽ നിന്നും ഫോണിൽ പറ്റിയ ഈർപ്പം അയാളുടെ കവിളിൽ ചെറിയ ഇക്കിളിയുണ്ടാക്കി.....

ലക്ഷ്മിയുടെ ഭർത്താവ്......അയാൾ ചോദിച്ചു.

പുള്ളിക്കാരൻ അവിടെ കോവിഡ് തുടങ്ങിയപ്പോൾ ആദ്യത്തെ ഫ്ളൈറ്റിന് തന്നെ ഇങ്ങു പോന്നു... ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം....

അയാൾക്കവിടെ സർക്കാർ ജോലിയായിരുന്നില്ലേ?

എന്ത് സർക്കാർ, അവിടെ പ്ലാറ്റ്ഫോമിൽ അല്ലറ ചില്ലറ കച്ചോടമായിരുന്നു.... എന്നെ കെട്ടാൻ വേണ്ടി സർക്കാർ ജോലീന്നു കള്ളം പറഞ്ഞതാ.... അത് അച്ഛൻ വിശ്വസിക്കേം ചെയ്തു. കൊണ്ട് വന്ന കാശൊക്കെ തീർന്നു, എന്റെ സ്വർണ പണ്ടങ്ങളും തീർന്നു, ആകെ ഇപ്പൊ പണത്തിനു നന്നേ ബുദ്ധിമുട്ടുന്നുണ്ട്. എല്ലാം എന്റെ ബുദ്ധിമോശം... വീട് വയ്ക്കുന്നേരം പുള്ളിക്കാരൻ നല്ലൊരു പ്ലാൻ അവിടെ നിന്നും അയച്ചു തന്നിരുന്നു, ഒരു ഇരുപതു ലക്ഷത്തിൽ ഒതുങ്ങുന്ന വീട്, പക്ഷെ ഇത് എന്റെ ആഗ്രഹപ്രകാരമുള്ള പ്ലാനിൽ ഉണ്ടാക്കിയ വീടാ.... ചെയ്തു വന്നപ്പോൾ ലക്ഷം അറുപതു തീർന്നു.... അന്ന് കുറച്ചു പൈസ ബാങ്കിൽ സേവ് ചെയ്യാമായിരുന്നു... ഇനി പറഞ്ഞിട്ടെന്താ കാര്യം കുമാരേട്ടാ......

കുമാരേട്ടാ. ഹലോ.

ഹലോ, കുമാരേട്ടാ, കേൾക്കാമോ?

ങ്ഹാ, ങ്ഹാ, പറഞ്ഞോളൂ .....

കുമാരേട്ടന്റെ ഭാര്യ ടീച്ചറല്ലേ?

അതേ.....

കുമാരേട്ടാ, അവിടെ നിങ്ങളുടെ ട്യൂഷൻ സെന്ററിൽ കോവിഡിനു ശേഷം എനിക്കൊരു വേക്കൻസി കിട്ടുമോ? ശമ്പളം ഉള്ളത് തന്നാൽ മതി.....

, ലക്ഷ്മി അതൊക്കെ നമുക്ക് പിന്നീട് ആലോചിക്കാം, ഞാൻ ഇന്നു അരിയും സാധനങ്ങളും എത്തിക്കാം എന്താ പോരേ?

, മതി കുമാരേട്ടാ, വളരെ നന്ദി.

ങ്ഹാ, ശരി....

2

കുമാരൻ വീട്ടിലേക്കു സൈക്കിളോടിച്ചു.

സരസ്വതി വീട്ടുമുറ്റത്തെ ട്യൂഷൻ ഷെഡ്ഡിൽ, തന്നെ കാത്തെന്നപോലെ ഇരിക്കുകയാണ്. അയാളെ കണ്ടയുടെനെ അവൾ പുറത്തേക്കിറങ്ങി വന്നു.

എന്താ കുമാരേട്ടാ നേരത്തേ.... മണി പത്തല്ലേ ആയിട്ടുളൂ, ഇത്ര നേരത്തെ കടയടച്ചോ, പത്രത്തിൽ പന്ത്രണ്ടു മണിവരെ തുറക്കാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ.

എവിടെ അരിയും സാധനങ്ങളും, ഒന്നും കൊണ്ട് വന്നില്ലേ?

ഇല്ല അത് ഞാൻ ഉച്ചയ്ക്ക് മുൻപ് എത്തിക്കാം, സരസ്വതീ നിന്റെ കയ്യിൽ ഇപ്പോൾ എത്ര രൂപ കാണും.

എന്റെ കയ്യിൽ ഇപ്പൊ എവിടുന്നാ കാശ് കുമാരേട്ടാ, ദാ നോക്കിയേ, നിങ്ങൾ ദിവസവും കാണുന്നതല്ലേ …… അധ്യയന വർഷം എല്ലാ ട്യൂഷൻ സെന്ററുകളും പൊടി പിടിച്ചു കിടക്കുവല്ലേ.....

അല്ലെങ്കി തന്നെ സരസ്വതീടെ കയ്യീലെവിടുന്നാ കാശ് കുമാരേട്ടാ, വിദ്യ മാത്രേല്ലേ ഉളളൂ എന്റെ കയ്യിൽ, അത് കാശായി മാറണേൽ കോവിഡ് കഴിയണം.

ഏതായാലും, ഞാൻ കുടുക്ക ഒന്ന് പൊട്ടിച്ചു നോക്കട്ടെ, എന്തെങ്കിലും കാണാതിരിക്കില്ല....

അല്ലാ, എന്തിനാ ഇപ്പൊ കാശ്, ഞാൻ അരിയുടെ കാശ് രാവിലെ തന്നയച്ചതല്ലേ?

ഇല്ല, ഇത് ഒരാളെ സഹായിക്കാനാ, നമ്മളേക്കാളും അത്യാവശ്യക്കാരനാ......

ങ്ഹും, ശരി....

സരസ്വതി അകത്തേക്ക് പോയപ്പോൾ അയാൾ ആളൊഴിഞ്ഞ തെങ്ങിൻ പാടത്തേക്കു നോക്കി നിന്നു. അക്കരെനിന്നും വീശിക്കൊണ്ടിരുന്ന തണുത്ത കാറ്റിലും താൻ നന്നായി വിയർക്കുന്നതായി അയാൾക്ക് തോന്നി.

സരസ്വതി കയ്യിലേക്ക് വച്ചുകൊടുത്ത നോട്ടുകളും ചില്ലറകളും അയാൾ പെട്ടെന്ന് ട്യൂഷൻ ഷെഡിൽ നിന്നും പറന്നു വീണ പഴയ ഒരു പുസ്തകത്തിന്റെ കടലാസിൽ പൊതിഞ്ഞെടുത്തു ......

ധൃതിയിൽ സൈക്കിളിലേക്കു കയറി വേലി കടക്കുമ്പോൾ, സരസ്വതി ഷെഡിനരികിൽ നിന്നും വിളിച്ചു പറയുന്നത് അയാൾ അവ്യക്തമായി കേട്ടു.

കുമാരേട്ടാ, കാശ് എണ്ണി നോക്കിക്കോണേ, ഞാൻ എണ്ണീട്ടില്ല .......

3

ഈശ്വരാ, കടയിൽ ആന്റപ്പൻ എത്തിയിട്ടുണ്ടാകണേ..... സൈക്കിളോടിക്കുമ്പോൾ അയാൾ അറിയാതെ പ്രാർത്ഥിച്ചു.

ചെക്കൻ കുബുദ്ധിയാ.... അവനെങ്ങാനും എന്നെ ഫോളോ ചെയ്യുകയാണെങ്കിൽ അത് വച്ച് അവൻ മറ്റൊരു ജാരക്കഥ ഉണ്ടാക്കി, ലൈക്ക് വാരിക്കൂട്ടും, അവന്റെയൊരു ഊച്ചാളി ഡിക് റ്റിട്ടീവ് ജേർണലിസം

ഭാഗ്യം, ആന്റപ്പനുണ്ട് ....

ആന്റപ്പൻ ചേട്ടാ, ഇതാ കാശെടുത്തിട്ടു, ലിസ്റ്റിലുള്ള സാധനങ്ങളൊക്കെ തന്നേ, ബാക്കി കാശ് ഞാൻ പിന്നെ തരാം..

അതൊക്കെ ശരി, ഇത്രേം സാധനം എങ്ങനാ നീ കൊണ്ട് പോകുന്നേ, കർത്താവേ ഒരു ഓട്ടോറിക്ഷ പോലും ഇവിടെങ്ങും ഇല്ലല്ലോ......

ചേട്ടാ ഓട്ടോ വേണ്ടാ, നിങ്ങൾ നിങ്ങളുടെ ലോഡ് സൈക്കിൾ തന്നാ മതി, ഞാൻ അതിൽ കൊണ്ടുപൊയ്ക്കൊള്ളാം.

എന്നാ ആയിക്കോട്ടെ, വലതു ബ്രേക്ക് അല്പം കുറവാണ്, സൂക്ഷിച്ചു പോകണം.

അത് ഞാനേറ്റു..

ആന്റപ്പൻ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തുടങ്ങിയപ്പോൾകുമാരൻ വീണ്ടും തന്റെ തയ്യൽ കട തുറന്നു.

ലക്ഷ്മിയുടെ മൂത്ത മകൻ ഒന്നാം തരത്തിൽ പഠിയ്ക്കുമ്പോൾ അവൾ നീലിയേടത്തിയുടെ പക്കൽ അളവ് തന്നയച്ചു തയ്പ്പിച്ച ചെക്കന്റെ നിക്കർ ഇവിടെ എവിടെയോ ഔട്ട് ഡേറ്റഡ് ആയ തുണിയോടൊപ്പം വെച്ചിരുന്നു. അതും കൂടി എടുത്തേക്കാം. ഇവിടെയിരുന്നിട്ടു അതെന്തിനാ.....

കുമാരൻ സ്റ്റൂളിൽ കയറി നിന്ന് കുറെ നേരത്തെ ശ്രമത്തിനിടയിൽ അത് കണ്ടെത്തിയപ്പോഴേക്കും അയാളാകെ തുമ്മി അവശനായിരുന്നു.

4

നീല ഗേറ്റ്, അകത്തുനിന്നും പൂട്ടിയിട്ടുണ്ടായിരുന്നില്ല. അയാൾ സൈക്കിളിന്റെ മുൻവശത്തെ ടയർ കൊണ്ട് ഗേറ്റ് തള്ളിത്തുറന്നു. സാമാന്യത്തിൽ വലിയ കെട്ടിടം പെയിന്റടിച്ചിട്ട് വര്ഷങ്ങളായെന്നു തോന്നിച്ചു.

അയാൾ സൈക്കിളിനെ സ്റ്റാൻഡിൽ ഉറപ്പിക്കുമ്പോൾ അകത്തുനിന്നും രണ്ടുപേർ ഓടി വന്നു.

കുമാരനല്ലേ ……..

അതെ..

ഞാൻ പ്രസന്നൻ, ലക്ഷ്മി പറഞ്ഞിരുന്നു. കുമാരൻ എന്ന് പേരുള്ള ഒരാൾ ലോഡുമായി എത്തുമെന്ന്.

കുമാരൻ അയാളെ ഒന്ന് നോക്കി, കുമാരൻ ആദ്യമായിട്ട് അയാളെ കാണുകയായിരുന്നു.

അയാൾക്കു തന്നെക്കാളും അല്പം പൊക്കം കുറവുണ്ടെങ്കിലും നന്നേ വെളുത്തിട്ടാണെന്നു കുമാരൻ മനസ്സിലാക്കി. ചെറിയ കഷണ്ടി അയാളുടെ മുഖത്തിനു അല്പം ഗൗരവം നൽകുന്നുണ്ട്.

കുമാരൻ, ലക്ഷ്മിയെവിടെയെന്നു ചോദിക്കുവാൻ വേണ്ടി തന്റെ മുഖത്തെ മാസ്ക് താഴ്ത്തിയെങ്കിലും, പിന്നീടത് വേണ്ടെന്നു കരുതി.

അയാൾ യാന്ത്രികമായി സൈക്കിളിന്റെ മുൻവശത്തെ ഹാൻഡ്ലിൽ നിന്നും നിക്കർ എടുത്തു ലക്ഷ്മിയുടെ മകന്റെ നേർക്ക് നീട്ടി....

മോനെ അത് വാങ്ങിച്ചോളൂ, നിനക്കത് ചേരില്ല, ചിലപ്പോൾ അച്ചുവിന് അത് പാകമാകും.

പ്രസന്നൻ അത് പറഞ്ഞപ്പോൾ അവനതു കൈ നീട്ടി വാങ്ങി.

സാധനങ്ങൾ സിറ്റൗട്ടിലേക്കു എടുത്തുവച്ചു കൊടുക്കുന്ന സമയത്തെല്ലാം, പൂമുഖത്തേക്കു ലക്ഷ്മി വരുന്നുണ്ടോയെന്നു കുമാരൻ രണ്ടു മൂന്നു തവണ പാളി നോക്കി. ഒടുവിൽ ഗേറ്റു കടക്കുന്നേരം അയാൾ ഒന്ന് കൂടി തിരിഞ്ഞുനോക്കി. അന്നേരവും പൂമുഖം ശൂന്യമാണന്നയാൾ തിരിച്ചറിഞ്ഞു..

ങ്ഹും, "കുമാരൻ എന്ന് പേരുള്ള ഒരാൾ" അയാൾക്ക് അയാളോട് ഒരിക്കലും തോന്നാത്ത പുച്ഛം തോന്നി.

കഴിയുന്നതും നേരത്തെ വീട്ടിലെത്താൻ അയാൾ വേഗത്തിൽ സൈക്കിൾ ചവിട്ടി.

വേലികടക്കുമ്പോൾ സരസ്വതി വീണ്ടും ഷെഡിൽ നിന്നും പുറത്തേക്കു വരുന്നത് അയാൾ കണ്ടു.

കുമാരേട്ടാ, സാധനം വാങ്ങുമ്പോൾ ചായപ്പൊടീം, പഞ്ചസാരയും കൂടി വാങ്ങിച്ചോളൂ .... എല്ലാം തീർന്നു ഒന്നും തീരെയില്ല.....

സരസ്വതി നൽകിയ നാരങ്ങാ വെള്ളം കുടിച്ചിട്ട് അയാൾ തിരികെ കടയിലേക്ക് പോകാനൊരുങ്ങുമ്പോൾ സരസ്വതി വീണ്ടും പുറകിൽ നിന്നും വിളിച്ചു.....

കുമാരേട്ടാ, ഒന്ന് നിക്കണേ, കയ്യിൽ കാശൊന്നും ഇല്ലാലോ, ഇതാ വള കൈയിൽ വച്ചോളൂ. ഇത് വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തോളു....

കുമാരൻ അത് വാങ്ങുമ്പോൾ അയാൾ അവളുടെ ഒഴിഞ്ഞ കഴുത്തിലും കൈകളിലും പശ്ചാത്താപത്തോടെ മാറി മാറി നോക്കി..

സാരമില്ല, കുമാരേട്ടാ സ്വർണത്തിനു ഇപ്പോൾ നല്ല വിലയാണെന്ന് എനിക്കറിയാം, നമുക്ക് പിന്നീട് വാങ്ങാലോ....

ഇടവഴിയിലൂടെ സൈക്കിളോടിക്കുമ്പോൾ, തന്റെ കവിളി ലേയ്ക്ക് ഉതിർന്ന കണ്ണുനീർ തുള്ളികൾക്കുമേലെ മഴത്തുള്ളികൾ വീണു തണുക്കുന്നതു അയാളറിഞ്ഞു.

- തബാറക് റഹ്മാൻ സാഹിനി -

 

Comments

Popular Posts